കൊച്ചി: എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. വാട്ടർ അതോറിറ്റിയുടെ പമ്പിംഗിലെ അനാസ്ഥയാണ് മഞ്ഞപ്പിത്തതിന് കാരണമെന്ന് വേങ്ങൂർ പഞ്ചായത്ത് അധികൃതർ ആരോപിച്ചു. വേങ്ങൂരിലെ ഓരോ വീടുകളെയും ശാരീരികമായും സാമ്പത്തികമായി തകർത്തെറിയുകയാണ് രോഗബാധ. വേങ്ങൂർ അമ്പാടൻ വീട്ടിൽ ശ്രീകാന്തും ഭാര്യ അഞ്ജനയും, സഹോദരൻ ശ്രീനിയും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇത് വരെ ചിലവായത് ആറ് ലക്ഷത്തിലധികം രൂപയാണ്. വീട്ടിലുള്ള വാഹനങ്ങളും കന്നുകാലികളെയും വിറ്റിട്ടും മക്കളുടെ ചികിത്സക്കുള്ള പണം കണ്ടെത്താനാവാത്ത അവസ്ഥയിൽ നിസഹായ അവസ്ഥയിലാണ് ഇവരുടെ അമ്മ. തൊട്ടടുത്ത് കോരാട്ടുകുടി ജോമോനും ആന്തരിക അവയവങ്ങളെ രോഗം ബാധിച്ചു. ഇവർക്കായി നാട്ടുകാരുടെ കൂട്ടായ്മയിൽ സാന്പത്തിക ശേഖരണത്തിനാണ് ശ്രമം. വേങ്ങൂരിൽ രോഗം ബാധിച്ച 117 പേരിൽ 33 പേർ ഇങ്ങനെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.