ഗാന്ധിനഗര്‍: വീട്ടുജോലി ചെയ്യാതിരുന്നതിനെത്തുടർന്ന് മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് സൂറത്ത് സ്വദേശിയായ പിതാവ് മുകേഷ് പര്‍മര്‍(40) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.
വീട്ടുജോലികള്‍ ചെയ്യാതെ ഹേതാലി മൊബൈലില്‍ ഗെയിം കളിച്ചിരുന്നതില്‍ മുകേഷ് പ്രകോപിതനാവുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് പ്രഷര്‍ കുക്കര്‍ കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ തുടരെത്തുടരെ അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹേതാലിയുടെ അമ്മ ഗീതാ ബെന്നിന്റെ പരാതിയില്‍ മുകേഷിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷ് അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകാതെ വിശ്രമത്തിലായിരുന്നു. സൂറത്തിലെ ഭരിമാതാ റോഡിലുള്ള എസ്എംസി സുമൻ മംഗൾ സൊസൈറ്റിയിലായിരുന്നു താമസം. സംഭവദിവസം ഹേതാലിയുടെ അമ്മ ഗീതയും മൂത്ത സഹോദരിയും ജോലിക്ക് പോയിരുന്നു. ആക്രമണത്തിൽ ഹെതാലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചു.