വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. അക്യുപങ്ചർ ചികിത്സ നൽകിയ ശിഹാബുദീനാണ് പിടിയിലായത്. കൊച്ചിയിൽ നിന്നാണ് ശിഹാബുദീനെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയാണ് ശിഹാബുദീൻ. ഇതിനിടെ ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ചോദ്യം ചെയ്യലിനിടെ യുവതിയുടെ ഭർത്താവ് നയാസ് ശിഹാബുദീന് നേരെ പാഞ്ഞടുത്തു. തുടർന്ന് പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി സ്‌റ്റേഷന് പുറത്തേക്ക് ശിഹാബുദീനെ ഇറക്കുന്ന സമയത്താണ് നയാസ് ആക്രമിക്കാൻ ശ്രമം നടത്തിയത്. തിരുവനന്തപുരം നേമം പൊലീസ് ശിഹാബുദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്നു തന്നെ ശിഹാബുദീനെ കോടതിയിൽ ഹാജരാക്കും. പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്ന നയാസിന്റെ മുൻഭാര്യ മക്കൾ എന്നിവരെ ചോദ്യം ചെയ്യലിന് ഹാജരാക്കും. ഇവരെയും പ്രതി ചേർത്തേക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്യുപങ്ചർ ചികിത്സാ രീതിയിലൂടെ വീട്ടിൽ പ്രസവം എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അമ്മയും കുഞ്ഞും മരിച്ചത്.