അങ്കമാലി: വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ യുവതിയെ ദ്രാവകം കൊടുത്ത് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അങ്കമാലി തുറവൂർ സ്വദേശി വിമൽ ആന്റോ വർഗീസിനെയാണ് അങ്കമാലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ കാലടി പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം പത്തൊൻപതാം തീയ്യതിയായിരുന്നു സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന വിമൽ ആന്റോ വർഗീസ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് യുവതിയെ വഴിയിൽ നിന്ന് കാറിൽ കയറ്റിയത്. പിന്നീട് ഒരു ദ്രാവകം നൽകി. ഇത് കുടിച്ചതോടെ യുവതി മയങ്ങി. പിന്നീട് തുറവൂരിലുള്ള ഇയാളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെയെത്തിച്ച് പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. എന്നാൽ യുവതി പരാതി നൽകിയതു പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.