വയനാട് സുഗന്ധഗിരിയിൽ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് പ്രദേശവാസികൾ. വീടിന് ഭീഷണിയായ മരങ്ങൾ മുറിക്കുന്നതിനായി നൽകിയ അപേക്ഷയുടെ മറവിലാണ് മറ്റുമരങ്ങളും മുറിച്ച് കടത്തിയത്. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. സുഗന്ധഗിരിയിലെ ഊട്ടുപാറയിൽ ജോസഫിൻറെ സ്ഥലമാണിത്. വീടിനടുത്തുള്ള മരം കടപുഴകി വീണ് ഒരു ഭാഗം തകർന്ന സ്ഥിതിയുണ്ടായി. പത്ത് മരങ്ങളായിരുന്നു അപകടഭീഷണിയായി നിന്നിരുന്നത്. ഇത് മുറിക്കാൻ ജോസഫ് വനംവകുപ്പിന് അപേക്ഷ നൽകി. പത്ത് മരങ്ങൾ മുറിച്ച കൂട്ടത്തിൽ മറ്റൊരു മരം കൂടി മുറിച്ചു. ഇത് ഒരു തരത്തിലും വീടിന് പ്രശ്‌നമുണ്ടായിരുന്ന മരമല്ല. എന്നിട്ടും മുറിച്ചു. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് മരം മുറി നടന്നതെന്ന് ജോസഫ് പറയുന്നു. ജോൺസൺ എന്ന വാച്ചർ പൂർണസമയവും മരംമുറിക്കുമ്പോഴുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ജോൺസൺ സസ്‌പെൻഷനിലാണ്. ഈ വിധം നൂറിലേറെ മരങ്ങൾ അനധികൃതമായി മുറിച്ചുവെന്നാണ് വനംവകുപ്പിൻറെ തന്നെ അന്വേഷണത്തിലെ കണ്ടെത്തൽ. വീട്ടിഅടക്കമുള്ള സംരക്ഷിതമരങ്ങൾ മുറിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നില്ല. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണുള്ളത്. മരത്തടികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, മറ്റൊരു വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലൻ എന്നിവരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
