ലഖ്നൗ: വിവാഹേതര ബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഹൈടെൻഷൻ വൈദ്യുതി തൂണിൽക്കയറി യുവതിയുടെ ഭീഷണി. ഉത്തർപ്രദേശിലാണ് സംഭവം. യുവതി വൈദ്യുതി പോസ്റ്റിൽ കയറി ഭീഷണിമുഴക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഗോരഖ്പൂരിലെ പിപ്രായിച്ചിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ 34കാരിയാണ് തൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിഞ്ഞതിനെ തുടർന്ന് വൈദ്യുത തൂണിൽ കയറിയത്. അയൽ ഗ്രാമത്തിൽ നിന്നുള്ള ഒരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഏഴുവർഷമായി ഈ ബന്ധം മറച്ചുവെച്ചെങ്കിലും ഭർത്താവ് ഈയടുത്ത് കണ്ടെത്തി.
തുടർന്ന്, ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. തന്റെ കാമുകനെ വീട്ടിൽ പാർപ്പിക്കണമെന്നും വീടിൻ്റെ സാമ്പത്തികകാര്യങ്ങളിൽ സഹായിക്കണമെന്നും സ്ത്രീ ഭർത്താവിനോട് ആവശ്യപ്പെട്ടു. ഭർത്താവ് ഈ ആവശ്യത്തെ എതിർക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്നാണ് യുവതി വൈദ്യുതി തൂണിൽക്കയറി ഭീഷണിമുഴക്കിയത്.
ഹൈ ടെൻഷൻ കമ്പികൾക്ക് സമീപം യുവതി തൂണിൽ ഇരിക്കുന്നത് ജനക്കൂട്ടം നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാം. ഉചൻ പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. മുൻകരുതൽ നടപടിയെന്ന നിലയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതു. തുടർന്ന് യുവതിയുമായി അധികൃതർ സംസാരിച്ച് അവരെ മയപ്പെടുത്തി നിലത്തിറക്കി.