വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് പെൺകുട്ടി സമ്മതിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെലങ്കാനയിലെ ഇബ്രാഹിംപട്ടണത്താണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് സ്വകാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും 19 കാരിയെ ഒരു ബന്ധുവിന് വിവാഹം ചെയ്ത് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ വിവാഹത്തെ യുവതി എതിർത്തിരുന്നതായി പൊലീസ്.
പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നു. തിങ്കളാഴ്ച മകൾ കാമുകനോട് സംസാരിക്കുന്നത് കണ്ട അമ്മ വീണ്ടും വഴക്കുണ്ടായി. തർക്കം രൂക്ഷമാവുകയും മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ആത്മഹത്യയായി ചിത്രീകരിക്കാനും അമ്മ ശ്രമിച്ചതായി പൊലീസ്.