മലപ്പുറം: വിവാദങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. തനിക്ക് എതിർപ്പ് പാർട്ടിയോടല്ലെന്നും എതിർപ്പ് ചില പുഴുക്കുത്തുകളോടാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. തന്നെ വിജയിപ്പിക്കാൻ അധ്വാനിച്ച പ്രവർത്തകരെ തള്ളിപ്പറയില്ല. ‘ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണ് നിലമ്പൂരിലെ പ്രവർത്തകർ. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും തന്നില്‍ നിന്ന് ഉണ്ടാവില്ല. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ലന്നും പി വി അൻവർ വ്യക്തമാക്കി.
‘ജയിച്ചത് സിപിഐഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന് അൻവർ പ്രതികരിച്ചെന്ന പേരിൽ വ്യാജ പോസ്റ്റുകൾ പ്രചരിച്ചതിലാണ് എംഎൽഎയുടെ പ്രതികരണം. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണാനിരിക്കെയാണ് പോസ്റ്റ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച ശേഷം പി വി അന്‍വര്‍ പുറത്ത് വീണ്ടും ആരോപണം ഉന്നയിക്കുന്നതില്‍ സിപിഐഎം അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
അന്‍വറിന്റെ നീക്കം പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വലതുപക്ഷ ശക്തികള്‍ക്ക് ആയുധം നല്‍കുന്നത് പോലെയാണെന്നും അന്‍വര്‍ പിന്മാറണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി വി അന്‍വറിന്റെ പരാതി സിപിഐഎം തള്ളിയതില്‍ അമര്‍ഷത്തിലാണ് അന്‍വര്‍. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ശശിക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനാണ് സിപിഐഎം പിന്തുണ നല്‍കുന്നത്.