Kerala News

വിഴിഞ്ഞത്ത് ക്രെയിനിറക്കാന്‍ വൈകുന്നു; തുറമുഖ കമ്പനിക്ക് ഉണ്ടാകുന്നത് വൻ സാമ്പത്തിക ബാധ്യത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രെയിനിറക്കുന്നതിന് വൈകുന്നത് മൂലം തുറമുഖ കമ്പനിക്ക് ഉണ്ടാകുന്നത് വൻ സാമ്പത്തിക ബാധ്യത. ക്രെയിൻ ഇറക്കുന്നത് ഈ മാസം 21കടന്നാൽ ഓരോ ദിവസവും മൂപ്പത് ലക്ഷത്തോളം രൂപ ചൈനീസ് കപ്പൽ കമ്പനിക്ക് പിഴ നൽകേണ്ടി വരും. വിഴിഞ്ഞം പുറംകടലിൽ കപ്പൽ എത്തിയത് ഒക്ടോബർ 12നാണ്. അഞ്ച് ദിവസം പിന്നിടുമ്പോഴും ക്രെയിനുകളിറക്കാന്‍ സാധിച്ചിട്ടില്ല.

ബെർത്തിന് സമീപം അര മീറ്ററോളം ഉയരത്തിൽ തിരയടിക്കുന്നതും ശക്തമായ കാറ്റുമാണ് തടസ്സം. ക്രെയിൻ ഇറക്കാൻ സാങ്കേതിക സഹായം നൽകേണ്ട ചൈനീസ് വിദഗ്ധരുടെ എമിഗ്രേഷൻ പ്രശ്നം പരിഹരിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായി തുടർന്നാൽ ക്രെയിൻ ഇറക്കുന്നത് ഇനിയും വൈകും.

ഗുജറാത്തിലെ മുന്ദ്രയിലും വിഴിഞ്ഞത്തും ക്രെയിനുകൾ ഇറക്കി ഷെൻഹുവ 15 കപ്പൽ ഒക്ടോബർ 21ന് ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു ചൈനീസ് കമ്പനിയുമായുള്ള കരാർ. ക്രെയിൻ കരയിലിറക്കാൻ അഞ്ച് ദിവസം വേണമെന്നിരിക്കെ ഇന്ന് പ്രവർത്തനം തുടങ്ങിയാലും സമയക്രമം പാലിക്കാനാകില്ല. വൈകുന്ന ഓരോ ദിവസവും 25000 ഡോളറാണ് പിഴ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 20,80,000 രൂപ.

Related Posts

Leave a Reply