Kerala News

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ തുടരുന്നു. നാളെ കൊളംബോയിലേക്ക് തിരിക്കും.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ തുടരുന്നു. കണ്ടെയ്നറുകൾ ഇറക്കി കഴിഞ്ഞാൽ സാൻ ഫെർണാൻഡോ കപ്പൽ നാളെ കൊളംബോയിലേക്ക് തിരിക്കും. ഇന്നലെ വൈകിട്ട് യാത്ര തിരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ വൈകുകയായിരുന്നു. നിലവിൽ ആയിരത്തിലധികം കണ്ടെയ്നറുകൾ യാർഡിൽ ഇറക്കിക്കഴിഞ്ഞു. കണ്ടെയ്നറുകൾ ഇറക്കുന്ന പ്രവർത്തനം നേരത്തെ പൂർത്തിയായാൽ ഇന്ന് തന്നെ കപ്പൽ പുറപ്പെടും.

സാൻ ഫെർണാൻഡോ മടങ്ങിയാൽ തൊട്ടുപിന്നാലെ ഫീഡർ വെസ്സലുകളും വിഴിഞ്ഞത്തെത്തും. മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെയുള്ള കപ്പലുകളാണ് എത്തുക. മെഡിറ്ററെനിയൻ ഷിപ്പിങ് കമ്പനിയുടെ 400മീറ്റർ നീളമുള്ള കപ്പലും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെയെത്തിയ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രിയും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി. ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.

വിഴിഞ്ഞം ഇടവക വികാരി മോന്‍സിഞ്ഞോര്‍ നിക്കോളാസ് ചടങ്ങില്‍ പങ്കാളിയായിരുന്നു. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തി.

Related Posts

Leave a Reply