തുറമുഖ നിര്‍മ്മാണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടിയാരംഭിച്ചതോടെയാണ് നടത്തിപ്പവകാശം ഇരുപത് വര്‍ഷം കൂടി അദാനി ഗ്രൂപ്പിന് ലഭിക്കുക
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പവകാശം 20 വര്‍ഷം കൂടി അദാനി ഗ്രൂപ്പിന് ലഭിക്കും. നാല്‍പത് വര്‍ഷത്തേക്കാണ് തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. സ്വന്തം നിലയില്‍ തുക മുടക്കി രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത് അറുപത് വര്‍ഷം വരെ ആക്കാമെന്ന് കരാറുണ്ട്. ഇതനുസരിച്ച് തുറമുഖ നിര്‍മ്മാണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടിയാരംഭിച്ചതോടെയാണ് നടത്തിപ്പവകാശം ഇരുപത് വര്‍ഷം കൂടി അദാനി ഗ്രൂപ്പിന് ലഭിക്കുക.
അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക അനുമതി നല്‍കിയിരിക്കുന്നതും. നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ പുരോഗമിക്കുന്നുണ്ട്.
അറുപത് വര്‍ഷത്തിന് ശേഷമാകും തുറമുഖ നടത്തിപ്പ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ(വിസില്‍) കൈവശമെത്തുക. ഇതിന് മുമ്പ് ലാഭവിഹിതം മാത്രമാകും സര്‍ക്കാരിന് ലഭിക്കുക. ആദ്യ 15 വര്‍ഷം ലാഭവിഹിതം പൂര്‍ണമായും അദാനി ഗ്രൂപ്പിന് തന്നെയായിരിക്കും. പതിനാറാം വര്‍ഷം മുതല്‍ ഒരു ശതമാനം ലാഭവിഹിതം വിസിലിന് ലഭിക്കും. വര്‍ഷം ഓരോ ശതമാനം വീതമാണ് വര്‍ധിക്കുക. അറുപതാം വര്‍ഷം വിസിലിന് ലഭിക്കുന്ന ലാഭവിഹിതം 40 ശതമാനത്തിലെത്തുകയും അറുപത് വര്‍ഷത്തിന് ശേഷം തുറമുഖ നടത്തിപ്പ് വിസിലിന്റെ കൈവശമെത്തുകയും ചെയ്യും.
