Kerala News

വിഴിഞ്ഞം തുറമുഖം; ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോ​ഗിക സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് വലിയ സ്വീകരണം നൽകാനൊരുങ്ങി സർക്കാർ. ഇന്ന് വൈകിട്ട് നാലിന് സ്വീകരണമൊരുക്കും. ഔദ്യോ​ഗിക സ്വീകരണം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ​ഗ്രൂപ്പ് സിഇഎ കിരൺ അ​ദാനി എന്നിവർ പങ്കെടുക്കും.

വൈകിട്ട് നാലിന് കപ്പലിനെ ഔദ്യോ​ഗികമായി ബെർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. ശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്നുകളുമായി ചൈനയിൽ നിന്നുളള ഷെൻഹുവായ് ‌എത്തിയത്. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തളളി നിൽക്കുന്നതുമായ സൂപ്പർ പോസറ്റ് പനാമക്സ് ക്രെയ്നും 30 മീറ്റർ ഉയരാനുളള രണ്ട് ഷോർ ക്രെയ്നുമാണ് കപ്പലിൽ എത്തിച്ചത്.

അടുത്ത ദിവസം ക്രെയ്ൻ കപ്പലിൽ നിന്ന് ഇറക്കി ബെർത്തിൽ സ്ഥാപിക്കും. ആകെ എട്ട് സൂപ്പർ‌ പോസ്റ്റ് പനാമക്സ് ക്രെയ്നുകളും ഷോർ ക്രെയ്നുകളുമാണ് തുറമുഖ നിർമാണത്തിനാവശ്യം. 2015 ൽ ഉമ്മൻചാണ്ടി സർക്കാരാണ് 7700 കോടിയുടെ പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ​ഗ്രൂപ്പുമായി കരാറൊപ്പിട്ടത്. 2015 ഡിസംബറിൽ നിർമാണം ആരംഭിച്ചു. നാലു വർഷത്തിനുളളിൽ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ​ഗ്രൂപ്പും തമ്മിലുളള കരാർ. അതേസമയം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ വിഴിഞ്ഞം പദ്ധതിക്ക് റിപ്പോർട്ടർ ടിവിയുടെ ഏ ആർ, വി ആർ, എക്സ് ആർ സ്റ്റുഡിയോയിലൂടെ ഇന്ന് ഒമ്പത് മണിക്ക് വാട്ടർ സെല്യൂട്ട് നൽകും.

Related Posts

Leave a Reply