India News Sports

വിരമിച്ചിട്ടില്ല; തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് മേരി കോം

ഇംഫാൽ: ബോക്സിങ് റിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ തള്ളി മേരി കോം. ഇന്നലെ രാത്രിയോടെയാണ് ബോക്സിങ് ഇതിഹാസം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു മേരി കോം പറഞ്ഞത്. അസമിലെ ദിബ്രുഗഢ് സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോ​ഗ്രാമിൽ വെച്ചായിരുന്നു മേരി കോമിന്റെ പ്രതികരണം. എന്നാൽ താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇങ്ങനെ പറഞ്ഞത്. താൻ വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോ​ഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും മേരി കോം പറഞ്ഞു. വിരമിക്കൽ വാർത്ത ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് മേരി കോം വിശദീകരണവുമായി രംഗത്തെത്തിയത്.

Related Posts

Leave a Reply