കൊച്ചി: വിമാനത്തില്‍ വെച്ച് യുവനടിയോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകി.
വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു. 12 ബിയിൽ യാത്ര ചെയ്തയാളാണ് നടിയെ ഉപദ്രവിച്ചതെന്ന് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശി ആൻ്റോയാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ. പാസഞ്ചർ ലിസ്റ്റ് പരിശോധിച്ച് വരുന്നു. ഐപിസി 354 എ പ്രകാരമാണ് കേസ്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
അനുവദിച്ച സീറ്റില്‍ അല്ല ഇയാൾ ഇരുന്നത്. കൊച്ചിയിലെത്തിയപ്പോള്‍ മാപ്പ് പറഞ്ഞുവെന്നും ഇയാളുടെ സുഹൃത്തുക്കളും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. എയര്‍ ഇന്ത്യാ ജീവനക്കാര്‍ മോശമായി പെരുമാറി. പരാതിക്കാരിയുടെ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത്. കൊച്ചിയില്‍ എത്തിയപ്പോഴും പരാതി കേട്ടില്ല. തുടര്‍ന്ന് വിമാനത്താവളത്തിലെ സിആര്‍പിഎഫിനോട് പരാതി പറഞ്ഞുവെന്നും നടി പറഞ്ഞു.
