മാലി: വിനോദയാത്രയ്ക്ക് മാലിദ്വീപിലെത്തിയ യുവതിക്ക് സ്രാവിന്റെ കടിയേറ്റു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രാവൽ വ്ളോഗറായ ചെൽസിനാണ് സ്രാവിന്റെ കടിയേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. തെളിഞ്ഞ വെള്ളത്തിൽ സ്രാവുകളുടെ കൂട്ടത്തിനരികിൽ ചെൽസ് കിടക്കുന്നത് കാണാം. പെട്ടെന്ന് ഒരു സ്രാവ് അവരുടെ അടുത്തേക്ക് വരികയും കൈയിൽ കടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ അവർക്ക് കൈ പിൻവലിക്കാൻ സാധിച്ചു. അതുകൊണ്ട് വലിയ അപകടം ഒഴിവായി. മുറിവിൽ നിന്ന് ചെറിയ രീതിയിൽ രക്തം ഒഴുകുന്നതും വീഡിയോയിലുണ്ട്.
ചെൽസിന്റെ കൈ ചെറിയ ട്യൂണ മത്സ്യമാണെന്ന് തെറ്റിദ്ധരിച്ചാണ് സ്രാവ് കടിക്കാൻ ശ്രമിച്ചത്. ട്യൂണയല്ല എന്ന് തരിച്ചറിതോടെ പെട്ടെന്ന് തന്നെ അത് പിന്മാറുകയും ചെയ്തുവെന്ന് വീഡിയോ പങ്കുവെച്ച് ഇവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരിക്കുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് കമൻറുമായെത്തിയത്. അപകടകാരികളല്ലാത്ത മീനുകളോടൊപ്പം നീന്തുന്നതാണ് മാലിദ്വീപിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്ന്. ഇതിൽ വലുതും ചെറുതുമായ മീനുകൾ ഉൾപ്പെടുന്നു. മൂന്ന് വിരലുകൾക്കാണ് പരിക്കേറ്റത്.