പാരിസ്: ഒളിംപിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. വിധി പറയാൻ ഇന്ന് രാത്രി 9.30വരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിക്ക് സമയം നൽകിയതായി സിഎഎസ് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.
വിനേഷ് ഫോഗട്ടിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഒളിംപിക്സ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ വിധി ഉണ്ടാകുമെന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാവും വിധിയെന്നും അന്താരാഷ്ട്ര ഒളിംപിക് ഫെഡറേഷൻ പ്രസിഡന്റ് തോമസ് ബാക് ഇന്നലെ പ്രതികരിച്ചിരുന്നു.
ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ട് നേരത്തെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചത്. പാരിസ് ഒളിംപിക്സിൽ ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യന്‍ താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഫൈനൽ തലേന്ന് നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപനവും നടത്തി.