എസ് ഒ ജി കമാൻഡോ വിനീതിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അരീക്കോട് ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്താണെന്ന ആരോപണവുമായി കുടുംബം. ഭാര്യ ആശുപത്രിയിലായിട്ട് പോലും അവധി നൽകാതെ വിനീതിനെ അജിത്ത് നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ആരോപണവിധേയനായ അജിത്തിനെ മാറ്റി നിർത്തി വിശദമായ അന്വേഷണം നടത്തണമെന്ന് വിനീതിന്റെ സഹോദരൻ വിപിൻ. ഇതിനായി മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
അവധിയുടെ കാര്യം കൊണ്ട് മാത്രമായിരിക്കില്ല വിനീത് ആത്മഹത്യ ചെയ്തത്, കൂടെയുള്ള ആരൊക്കെയോ അവന് പണികൊടുത്തിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് വിനീതിന്റെ സുഹൃത്ത് സന്ദീപ് ട്വന്റി ഫോറിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് വിനീത് വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചിരുന്നതായും മെസേജ് അജിത്തിനെ കാണിക്കാൻ ആവശ്യപ്പെട്ടിരുന്നതായും സുഹൃത്ത് സന്ദീപ് വ്യക്തമാക്കി.
അജിത്തിന്റെ വ്യക്തിവിരോധമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കമാൻഡോ സംഘം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. കടുത്ത മാനസിക പീഡനം എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ആയിരുന്ന വിനീത് അനുഭവിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന മൊഴികളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. 2021ൽ വിനീതിന്റെ സുഹൃത്ത് സുനീഷ് എസ് ഒ ജി ക്യാമ്പ് ട്രെയിനിങ്ങിനിടെ കുഴഞ്ഞു വീഴിരുന്നു. കൃത്യസമയത്ത് അജിത്ത് ഉൾപ്പെടെയുള്ളവർ ചികിത്സ സൗകര്യം ഒരുക്കാത്തത് കൊണ്ട് സുനീഷ് മരണപ്പെട്ടു. ഇത് പിന്നീട് നടന്ന യോഗത്തിൽ വിനീത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ അജിത്തിന്റെ കണ്ണിലെ കരടായി വിനീത് മാറിയെന്നും പലപ്പോഴായി വ്യക്തിവിരോധം തീർത്തുവെന്നും 9 സഹപ്രവർത്തകർ കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിക്ക് മുൻപാകെ മൊഴി നൽകിയതായാണ് വിവരം.
ക്യാമ്പുകളിൽ കഠിനമായ പരിശീലനത്തിന് ഇരയാകേണ്ടിവന്നു, നവംബറിലെ റീഫ്രഷ്മെന്റ് കോഴ്സിൽ പരാജയപ്പെട്ടപ്പോൾ എസ് ഒ ജി ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് ഏൽപ്പിച്ചത്. ഇതെല്ലാം ചെയ്തിട്ടും ലീവ് നൽകിയില്ല. ഇതോടെ കടുത്ത മാനസിക വിഷമത്തിൽ ആയെന്നും സഹപ്രവർത്തകരുടെ മൊഴിയിൽ പറയുന്നുണ്ട്.

								
                                                
							
							
							








