Kerala News

വിധികർത്താവിന്റെ ആത്മഹത്യ; ഷാജിയെ യൂണിയന്‍ പ്രവര്‍ത്തകർ മര്‍ദിച്ചെന്ന വാദം തള്ളി

കേരള സര്‍വകലാശാല കലോത്സവ വിവാദത്തില്‍ മര്‍ദന ആരോപണം തള്ളി മറ്റ് വിധികര്‍ത്താക്കള്‍. നൃത്തപരിശീലകന്‍ ജോമെറ്റിന്റെ ആരോപണം തള്ളി മാര്‍ഗംകളി മത്സരത്തിന്റെ മറ്റ് വിധികര്‍ത്താക്കള്‍ രംഗത്തെത്തി. യൂണിയന്‍ പ്രവര്‍ത്തകർ ഷാജിയെ മര്‍ദിച്ചിട്ടില്ലെന്ന് വിധികര്‍ത്താക്കളായ സിബിയും ഷിബുവും പ്രതികരിച്ചു. കോഴക്കേസിൽ പ്രതിയായ വിധികർത്താവാണ് പിഎൻ ഷാജി. കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയായിരുന്നെന്നാണ് വിധികര്‍ത്താക്കളുടെ നിലപാട്. ഷാജിയെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചത് കണ്ടെന്നായിരുന്നു ജോമെറ്റിന്റെ വെളിപ്പെടുത്തല്‍. കേസിലെ രണ്ടാം പ്രതിയാണ് ജോമെറ്റ്.

കേരള സർവകലാശാല യുവജനോത്സവം പൂർത്തിയാക്കാനാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. സംഘർഷങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലുടെ നിർദേശപ്രകാരമാണ് കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചത്. കലോത്സവം പൂർത്തീകരിക്കാൻ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എവിടെവെച്ചാണ് കലോത്സവം പൂർത്തീകരിക്കുക എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. കലോത്സവ വേദിയിലുണ്ടായ പ്രതിഷേധങ്ങളും സംഘർഷങ്ങളും അന്വേഷിക്കാൻ പ്രത്യേക സമിതിയേയും സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.

ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്, ഡോക്ടർ ജയൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കലോത്സവ മാന്വൽ ഭാവിയിൽ പരിഷ്കരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരണം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് ഒരു സമിതിയെ രൂപീകരിക്കും. യൂണിയന്റെ കാലാവധി നീട്ടുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കോൺഗ്രസ് മരണത്തെപ്പോലും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു.

Related Posts

Leave a Reply