ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ മന്‍സുഖ്പൂര്‍ പൊലീസാണ് കേസെടുത്തത്.
തൃപ്തയെ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് വിവരം. കുട്ടിയെ തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കാന്‍ ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അധ്യാപികയുടെ നടപടി വര്‍ഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
പ്രചരിച്ച വീഡിയോയില്‍ അധ്യാപിക വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അധ്യാപികയുടെ നിര്‍ദേശ പ്രകാരം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. വീഡിയോയില്‍ അധ്യാപിക പറയുന്ന ആക്ഷേപകരമായ വാക്കുകളെ കുറിച്ച് സ്കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ചുവെന്നും പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് എക്സിലൂടെ വ്യക്തമാക്കി. വിവരം വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് ഓഫീസര്‍ പ്രസ്താവനയില്‍ പറഞ്ഞു. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷനും അറിയിച്ചു.