പെരുമ്പാവൂർ: ഏക വരുമാനമായ പെൻഷൻ നഷ്ടപ്പെട്ട സങ്കടത്തിലാണ്, കലാകാരനെന്ന അഭിമാനം മുറുകെ പിടിച്ച പെരുമ്പാവൂരിലെ ദോസ്തി പത്മൻ. വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാരനുള്ള പെൻഷൻ തരണമെന്ന് നവകേരള സദസ്സിൽ നൽകിയ അപേക്ഷയാണ് എഴുപത്തിമൂന്നുകാരനായ ഈ നാടക കലാകാരന്‍റെ പെൻഷൻ മുടക്കിയത്.
വാര്‍ദ്ധക്യകാല പെൻഷനും അവശ കലാകാര പെൻഷനും കൊണ്ടാണ് ദോസ്തി പത്മൻ ഒരു വിധം കഴിഞ്ഞു കൂടിയിരുന്നത്. ഇതിനിടെ ഒരാള്‍ക്ക് ഒരു പെൻഷൻ മാത്രമെന്ന സര്‍ക്കാര്‍ തീരുമാനം വന്നു. പിന്നാലെ ഇദ്ദേഹത്തിന്‍റെ കലാകാര പെൻഷൻ സര്‍ക്കാര്‍ വെട്ടി. ഒരു പെൻഷനേ തരുകയുള്ളൂവെങ്കില്‍ വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാര പെൻഷൻ തരണമെന്ന് മുഖ്യമന്ത്രിക്ക് നവകേരള സദസില്‍ ദോസ്തി പത്മൻ അപേക്ഷ നല്‍കി. അപേക്ഷയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനമായി. വാര്‍ദ്ധക്യകാല പെൻഷനും വെട്ടി. കലാകാര പെൻഷൻ പുനസ്ഥാപിച്ചതുമില്ല. ഫലത്തില്‍ കഞ്ഞികുടി മുട്ടി.
“മൂവായിരത്തില്‍ താഴെ ആളുകള്‍ക്കേ കേരളത്തില്‍ കലാകാര പെന്‍ഷനുള്ളൂ. അതില്‍ ഒരാളാണ് ഞാന്‍. അത് വലിയൊരു അംഗീകാരവും ബഹുമതിയുമായിട്ടാണ് ഞാന്‍ കരുതുന്നത്. ആ പെന്‍ഷനാണ് ഞാന്‍ ആഗ്രഹിക്കുന്നത്”- ദോസ്തി പത്മന്‍ പറഞ്ഞു.
എഴുപതുകളുടെ തുടക്കത്തിലാണ് എസ് പത്മനാഭൻ എന്ന യുവാവ് നാടക പ്രവര്‍ത്തനത്തിലേക്ക് എത്തിയത്. ദോസ്തിയെന്ന കലാസംഘടനയിലെ തുടക്കം എസ് പത്മനാഭനെ ദോസ്തി പത്മനാക്കി. നടൻ, സംവിധായകൻ, മേക്കപ് മാൻ, ഗാന രചയിതാവ് അങ്ങനെ നാടകത്തിലെ എല്ലാ രംഗത്തും തിളങ്ങിയ ദോസ്തി പത്മൻ, കലാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിവാഹവും കുടുംബ ജീവിതവും എല്ലാം വേണ്ടെന്ന് വച്ചു.
“സിനിമാ നടന്‍ ജയറാമിനെ ആദ്യമായി നാടകത്തിലേക്ക് കൊണ്ടുവന്നത് ഞാനാണ്. സ്വയംവരം എന്ന നാടകത്തിലൂടെയാണ് ജയറാം കലാരംഗത്തുവന്നത്. ജയലോഗ് പഠിപ്പിച്ച് മുഖത്ത് ചായം തേച്ച് കയ്യില്‍ പിടിച്ച് സ്റ്റേജില്‍ കയറ്റിയത് ഞാനാണ്”- ദോസ്തി പത്മന്‍ പറഞ്ഞു. വാർദ്ധക്യകാല പെൻഷൻ ഒഴിവാക്കിയത് മണ്ടത്തരമായി എന്ന് പറയുന്നവരോട് ദോസ്തി പത്മന്‍ പറയുന്നതിതാണ്- “വൃദ്ധനെന്ന സഹതാപമല്ല, കലാകാരനെന്ന അവകാശമാണ് എന്‍റെ സന്തോഷം”