കൊച്ചി: വായ്പയെടുത്ത തുക മുഴുവനായി അടച്ചുതീർത്തിട്ടും ‘ക്രെഡിറ്റ് സ്കോർ’ കുറഞ്ഞ നിലയിൽ തുടരുന്ന പ്രശ്നം പരിഹരിക്കണമെന്ന് ട്രാൻസ് യൂനിയൻ സിബിൽ ലിമിറ്റഡിന് നിർദേശം നൽകി ഹൈക്കോടതി. വായ്പയെടുത്ത തുക മുഴുവനായി അടച്ചുതീർത്തിട്ടും ഓൺലൈൻ പോർട്ടലിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോറാണ് കാണപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചൽ അലയമൺ സ്വദേശി കെ. വേണുഗോപാലൻ നായർ നൽകിയ ഹർജിയിലാണ് നിർദേശം നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. കനറാ ബാങ്കിൽ നിന്നാണ് ഹർജിക്കാരൻ വായ്പ എടുത്തത്. ഹർജിക്കാരന്റെ ക്രെഡിറ്റ് റേറ്റിങ് അർഹമായ തലത്തിലേക്ക് ഉയർത്തുന്ന കാര്യത്തിൽ കനറാ ബാങ്കിന്റെ ഓൺലൈൻ പോർട്ടലിലുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. തീരുമാനമെടുക്കാൻ മൂന്നാഴ്ച സമയമാണ് ബാങ്കിന് കോടതി അനുവദിച്ചിരിക്കുന്നത്. കനറാ ബാങ്കിൽനിന്ന് എടുത്ത വായ്പ അടച്ചുതീർത്തിട്ടും ക്രെഡിറ്റ് റേറ്റ് താഴ്ന്ന നിലയിൽ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വോണുഗോപാൽ ഹർജി നൽകിയത്. വായ്പ കുടിശ്ശികയും പുതിയ ബാധ്യതകളും ഇല്ലാത്ത സാഹചര്യത്തിൽ സിബിൽ സ്കോർ അർഹതക്കനുസരിച്ച് ഉയർത്താൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വേണുഗോപാൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. അതേസമയം ക്രെഡിറ്റ് റേറ്റിങ് ഉയർത്തേണ്ടത് സിബിലാണെന്ന് ബാങ്കിൻ്റെ വാദം. വായ്പ അടച്ചുതീർന്നതായും ഈ വിവരം സിബിലിന്റെ ഓൺലൈൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്തിരുന്നുമായിരുന്നു ബാങ്ക് വിശദീകരണം നൽകി.
