വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഹരിയാന ഗുരുഗ്രാമിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളിലായി ക്രമീകരിച്ചു.
കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-3 മലിനീകരണ വിരുദ്ധ നടപടികള്‍ ഇന്ന് രാവിലെ 8 മണി മുതലാണ് പ്രാബല്യത്തില്‍ വരിക. BS-III-ലെ പെട്രോള്‍ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും അനുവദിക്കില്ല. മലിനീകരണം നിയന്ത്രിക്കാന്‍ കൂടുതല്‍ സ്പ്രിംഗ്ലറുകള്‍ ഉപയോഗിക്കും.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 400 നു മുകളിലാണ് ഡല്‍ഹിയിലെ വായു ഗുണനിലവാര നിരക്ക്. കടുത്ത പുകമഞ്ഞ് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.