ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള വാട്ടർ മെട്രോ അതോറിറ്റി. യാതൊരുവിധത്തിലുള്ള സുരക്ഷാ വീഴ്ചയും ബോട്ടിൽ ഉണ്ടായിട്ടില്ല. റോ റോ സർവീസ് ക്രോസ് ചെയ്തതിന്റെ ഭാഗമായി മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസുകയായിരുന്നു എന്നാണ് വാട്ടർ മെട്രോ അതോറിറ്റിയുടെ വിശദീകരണം.
മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസിയപ്പോഴാണ് സുരക്ഷ അലാറം അടിച്ചത്. ഈ സുരക്ഷ അലാറം അടിച്ചതിനാനാലാണ് എമർജൻസി എക്സിറ്റ് തനിയെ തുറന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് യൂട്യൂബർമാരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും വാട്ടർ മെട്രോ അതോറിറ്റി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.യൂട്യൂബർമാർ അതിക്രമിച്ച് ബോട്ടിന്റെ ക്യാബിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയും അതേതുടർന്ന് സംഘർഷം ഉണ്ടാവുകയും ആയിരുന്നു.
അതേസമയം, ഹൈക്കോർട്ട് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ബോട്ടും ഫോർട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം ഉണ്ടായത്.തുടർന്ന് വാട്ടർ മെട്രോയിൽ നിന്ന് അലാറം മുഴങ്ങുകയും വാതിൽ തനിയെ തുറന്നു പോയതും യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.അപകടത്തിൽ ആളപായമില്ല.