വാങ്കഡെ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസ് വനിതകള്‍ക്ക് വിജയം. വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് സ്വന്തമാക്കി. മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ ഷെഫാലി വര്‍മ്മയെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് വെറും ഒരു റണ്‍സെടുത്ത ഷെഫാലിയെ മടക്കി ഡാര്‍സി ബ്രൗണാണ് ഓസീസിന് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തത്. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ വെറും 12 റണ്‍സ് മാത്രമായിരുന്നു. വണ്‍ഡൗണായി എത്തിയ റിച്ച ഘോഷിന് എട്ടാം ഓവറില്‍ മടങ്ങേണ്ടി വന്നു. 20 പന്തില്‍ നിന്ന് നാല് ബൗണ്ടറികളടക്കം 21 റണ്‍സെടുത്ത റിച്ചയെ അന്നാബെല്‍ സതര്‍ലാന്‍ഡ് ടഹ്‌ലിയ മക്ഗ്രാത്തിന്റെ കൈകളിലെത്തിച്ചു. നാലാമതായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനും (9) കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.
ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ഓപ്പണര്‍ യാസ്തിക ഭാട്ടിയ ക്രീസിലുറച്ചുനിന്നു. അര്‍ധസെഞ്ച്വറിക്ക് വെറും ഒരു റണ്‍ അകലെ യാസ്തികയ്ക്ക് മടങ്ങേണ്ടി വന്നു. 20-ാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 95ലെത്തിയപ്പോണ് ജോര്‍ജിയ വെയര്‍ഹാമിന് വിക്കറ്റ് നല്‍കി യാസ്തിക മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് ഇന്ത്യന്‍ പോരാട്ടം ഏറ്റെടുത്തു.