കോഴിക്കോട് പിതാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാഴി സ്വദേശി മീത്തല്‍ രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിതാവ് രാജേന്ദ്രന് റിമാന്‍ഡില്‍ കഴിയുകയാണ്. വാക്കേറ്റത്തിനിടെ രാജേന്ദ്രന് മകനെ കല്ല് ഉപയോഗിച്ച് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. 2023 ഡിസംബര്‍ 24നാണ് സംഭവം നടക്കുന്നത്. അന്ന് മദ്യപാനത്തെത്തുടര്‍ന്ന് പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ രാജേന്ദ്രന് കല്ലുകൊണ്ട് രഞ്ജിത്തിന്റെ തലയിലടിച്ചു. രഞ്ജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ പന്തീരങ്കാവ് പൊലീസ് കേസെടുത്ത് രാജേന്ദ്രനെ പിടികൂടിയിരുന്നു.