തിരുവനന്തപുരത്ത് വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. വിഷയത്തില്‍ കേസെടുത്ത കമ്മിഷന്‍ വയോധികന്റെ ആരോഗ്യസ്ഥിതിയും ചികിത്സാ വിവരങ്ങളും തേടി. കാലിലെ മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലാണ് അവശനായ വയോധികനെ കണ്ടെത്തിയത്. ആശുപത്രി പരിസരത്ത് ആരോരുമില്ലാതെ കിടന്ന വയോധികന്റെ വാര്‍ത്ത പുറത്തുവന്നതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആദ്യം ഇടപെട്ടു. തുടര്‍ന്ന് ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തില്‍ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിക്ക് മുന്നില്‍ കഴിഞ്ഞ ഒന്നര മാസമായി വയോധികന്‍ കിടപ്പുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലിലെ മുറിവില്‍ പുഴു അരിക്കുന്നത് സൂചിപ്പിച് പലതവണ നാട്ടുകാരില്‍ പലരും മെഡിക്കല്‍ കോളേജ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടി എടുത്തില്ല. വയോധികന്റെ ദുരവസ്ഥ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
