സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഭര്‍തൃ പീഡന പരാതിയുമായി യുവതിയും മകളും രംഗത്ത്. വിവാഹമോചന നടപടികൾ പൂർത്തിയാക്കാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭര്‍ത്താവ് മർദിച്ചു എന്നാരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളും ചികിത്സ തേടുകയും ചെയ്തു. നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെയാണ് ഷഹാന ബാനുവിൻ്റെ ആരോപണം. വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും മകൾക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറയുന്നു. ഇതിനിടയിൽ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞാണ് സിദ്ദീഖിൻ്റെ വീട്ടിലെത്തിയതെന്ന് ഷഹാന പറഞ്ഞു. ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹാന ഉയർത്തുന്നത്. ഭർതൃ പീഡനം ഏൽക്കണ്ടി വന്നു. ഭർത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും ഷഹാന ആരോപിച്ചു. വിവാഹ മോചനത്തിന് മുന്നെ വീണ്ടും വിവാഹം കഴിച്ചു. മകൾക്കും ചെലവിന് പണം നൽകുന്നില്ലെന്നും ഷഹാന പറയുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഷഹാനയുടെ ഭർതൃവീട്ടുകാർ രംഗത്തെത്തി. മകൾക്ക് ചെലവിന് നൽകുന്നുണ്ട്. പ്രശ്നത്തിൽ പലപ്പോഴായി മധ്യസ്ഥത പറഞ്ഞതാണ്. ഷഹാനയും ബന്ധുക്കളും ഒത്തുതീർപ്പിന് വഴങ്ങിയില്ലെന്നും ഭർതൃവീട്ടുകാർ പറയുന്നു. ഷഹാനയുടെ പ്രതിഷേധത്തിനിടെ ബത്തേരി പൊലീസ് സ്ഥലത്തെത്തി. ഷഹാനയോട് നിയമപരമായി പരാതി നല്‍കാന്‍ നിർദേശിച്ച് യുവതിയേയും മകളേയും തിരിച്ചയച്ചു. എന്നാൽ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാണ് ഷഹാനയുടെയും ബന്ധുക്കളുടേയും ആരോപണം.