വയനാട് വെള്ളമുണ്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. പ്രതിയും ഇതര സംസ്ഥാന തൊഴിലാളിയാണ്. സ്യൂട്ട് കേസിലാക്കിയ നിലയില്‍ മൃതദേഹം പല ഭാഗങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളനാടിയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം രണ്ട് സ്യൂട്ട്‌കേസുകളിലാക്കി പ്രതി ഒരു ഓട്ടോറിക്ഷയില്‍ കയറുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ബാഗുകള്‍ വലിച്ചെറിഞ്ഞു. ഒരു ബാഗ് തൊട്ടടുത്തുള്ള വാഴപ്പോപ്പിലും മറ്റൊന്ന് പുഴയ്ക്ക് സമീപത്തുമാണ് ചെന്ന് പതിച്ചത്. പ്രതിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്തതോടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കൊല്ലപ്പെട്ടയാളുടേയും പ്രതിയുടേയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.