വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കാരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. മക്കളായ അനിലും അനീഷയും ഭർത്താവ് അച്ചപ്പനും മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇന്നലെ രാവിലെയാണ് കാപ്പിത്തോട്ടൽ ജോലിക്ക് പോകവേ 45 വയസുള്ള രാധയെ കടുവ ആക്രമിച്ചത്. രാധയെ കടുവ ആക്രമിച്ച് കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറിയിരുന്നു. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി ഇന്ന് കൈമാറിയത്.
അതേസമയം ആക്രമണം നടത്തിയ കടുവ പഞ്ചാരക്കൊല്ലി മേഖലയിൽ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുന്നു. കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞെന്നും പുതിയ കാൽപാടുകൾ കണ്ടെത്തിയെന്നും സിസിഎഫ് കെ എസ് ദീപ പറഞ്ഞു. നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.