മാനന്തവാടി: വയനാട് മാനന്തവാടിയില്‍ രാധയെ കടുവ ആക്രമിച്ചത് പതിയിരുന്ന്. കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം വാര്‍ത്തയായതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിനെതിരെയും ജനരോഷം ഉയര്‍ന്നു. അതിനിടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് പതിനൊന്ന് ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ഒ ആര്‍ കേളു അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറും. രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മാനന്തവാടിയില്‍ ഇറങ്ങിയ നരഭോജി കടുവയെ കൊല്ലാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. സ്ഥലത്ത് മാനന്തവാടി പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.