വയനാട് പുൽപള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെ മകനാണ് ശരത് (14). സുഹൃത്തുക്കൾക്കൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇരുട്ടായതിനാൽ കാട്ടാനയുടെ സാന്നിധ്യം കുട്ടി അറിഞ്ഞിരുന്നില്ല. കോളനിക്ക് സമീപം എത്തിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
തുമ്പിക്കൈ കൊണ്ട് ഇടിച്ചിട്ട ശേഷം ശരത്തിനെ എടുത്തെറിയുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം പുൽപ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും എത്തിച്ചു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ.