Kerala News

വയനാട് പുനരധിവാസത്തിന് സർക്കാർ രണ്ടു ടൗൺഷിപ്പ് നിർമ്മിക്കും.

വയനാട് പുനരധിവാസത്തിന് സർക്കാർ രണ്ടു ടൗൺഷിപ്പ് നിർമ്മിക്കും. ഇതിനായി സർക്കാർ രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായാണ് സ്ഥലം കണ്ടെത്തിയത്. മേപ്പാടി പഞ്ചായത്തിൽ നെടുമ്പോല എസ്റ്റേറ്റിലും കല്പറ്റ മുനിസിപ്പാലിറ്റിയിൽ എൽസ്റ്റോൺ എസ്റ്റേറ്റിലുമാണ് ടൗൺഷിപ്പ് നിർമ്മിക്കുക. ചീഫ് സെക്രട്ടറി സ്ഥലം പരിശോധനാ നടപടികൾക്ക് നിർദേശം നൽകി.

അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും.

വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും.തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നൽകും.

Related Posts

Leave a Reply