വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവെന്ന് വനംവകുപ്പ്. കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുണ്ടായ സംഘർഷത്തിനിടെയുണ്ടായതാണ് പരുക്ക്. 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തിയെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.വനംവകുപ്പിൻ്റെ ഡാറ്റാ ബേസിൽ ഉള്ള കടുവ അല്ല ചത്തത്. മേഖലയിൽ നിരീക്ഷണം തുടരുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. അവശനിലയിലായ കടുവ ഇന്നലെ രാത്രി മുതൽ ദൗത്യസംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. കടുവയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ട്. നാട്ടിൽ വന്യമൃഗസാന്നിധ്യമുള്ള മേഖലയിൽ വനംവകുപ്പിന്റെ സ്പെഷ്യൽ ഓപ്പറേഷൻ തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.ദൗത്യത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ വനം മന്ത്രി അഭിനന്ദിച്ചു. കടുവ ചത്ത സാഹചര്യത്തിൽ പഞ്ചാര കൊല്ലിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചു.