വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്. എസ്ഡിആര്‍എഫിലേക്ക് 153 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ദുരന്തത്തിന് ശേഷം പണം അനുവദിക്കുന്നതില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്നുവെന്നാണ് കേന്ദ്രം കോടതിയില്‍ പറഞ്ഞത്. കേന്ദ്രം സഹായം നല്‍കാതെ വയനാടിനെ വഞ്ചിച്ചുവെന്ന ആരോപണത്തിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ വാദത്തിന് വിരുദ്ധമായി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്. കേന്ദ്രം പണം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞിരുന്നു. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനാണ് ഈ തുക അനുവദിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
153 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രം പറയുന്നു. ഇത് കൂടാതെ വിമാനത്തില്‍ ഭക്ഷണം എത്തിച്ചതിന് ചെലവാക്കിയ തുകയും എയര്‍ ലിഫ്റ്റ് ചെയ്തതിന്റെ പണവും അനുവദിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ തുക വകയിരുത്തിയെന്നും ഇത് ഈ മാസം 16ന് ചേര്‍ന്ന യോഗത്തില്‍ നല്കാന് തീരുമാനിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.