Kerala News

വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു

വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട്. മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിന് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി പിൻവലിച്ചത്. മരം മുറിച്ചത് സോളാർ ഫെൻസിംഗിന് വേണ്ടിയാണെന്നാണ് കണ്ടെത്തൽ.

സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്തു. അനധികൃത നടപടി ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. മുറിച്ചെടുത്ത മരങ്ങളുടെ തടികൾ ഫോറസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. 73 മരങ്ങളാണ് മുറിച്ചിരുന്നത്. ഇതിൽ രാജകീയ വൃക്ഷങ്ങളൊന്നും തന്നെ ഉൾപ്പെട്ടിരുന്നില്ല. വിവാദം ഉയർന്നതിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നത്.

ബേഗൂർ റെയ്ഞ്ചിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പിവി ശ്രീധരൻ, സിജെ റോബർട്ട് എന്നിവരെയായിരുന്നു സസ്‌പെൻഡ് ചെയ്തിരുന്നത്. ഒരു കിലോ മീറ്റർ നീളത്തിലാണ് ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 മരങ്ങൾ മുറിച്ചുമാറ്റിയിരുന്നത്. ഇതിൽ 16 എണ്ണം ഉണങ്ങിയതും അഞ്ചെണ്ണം വീണ് കിടക്കുന്നതാണെന്നും വനം വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി.

Related Posts

Leave a Reply