India News

വയനാട് ഉരുൾപൊട്ടൽ; സ്വമേധയാ കേസെടുത്ത്‌ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച്

ചെന്നൈ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുമ്പോൾ സ്വമേധയാ കേസെടുത്ത്‌ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച്. കേരള-തമിഴ്‌നാട് സർക്കാരുകൾക്കെതിരെ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. മലയോര മേഖലകളെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാണ് കേസ്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ, കേരളത്തിലെ വയനാട്, ഇടുക്കി, തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂർ ജില്ലാ കളക്ടർമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വയനാട് ഉരുൾപൊട്ടൽ എങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല അറിയേണ്ടതെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന അധികാരികൾ സ്വീകരിച്ചിട്ടുള്ള പരിഹാരങ്ങളും പ്രതിരോധ നടപടികളും എന്താണെന്ന് അറിയണമെന്നും ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണ പറഞ്ഞു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും മലഞ്ചെരുവുകളിൽ കെട്ടിട നിർമാണങ്ങൾക്ക് എങ്ങനെയാണ് അനുമതി നൽകുന്നതെന്നതിൽ ട്രൈബ്യൂണൽ അതൃപ്തി രേഖപ്പെടുത്തി. ഉരുൾപൊട്ടൽ രൂക്ഷമായി ബാധിച്ച വയനാട്ടിലെ മേപ്പാടി മേഖലയിലെ ചൂരൽമലയും മുണ്ടക്കൈയും പാറക്കെട്ടുള്ള മേഖലയല്ല. “ഇത് ചുവന്ന മണ്ണാണ്. എന്തിനാണ് ഇത്രയധികം കെട്ടിടങ്ങൾ? ഞങ്ങൾക്ക് ഉത്തരം ആവശ്യമാണ്,” ബെഞ്ച് ചോദിച്ചു.

മണ്ണിടിച്ചിൽ ഉണ്ടായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിനെ പരിസ്ഥിതി ലോല മേഖല-1ൽ ഉൾപ്പെടുത്തി ഭൂവിനിയോഗത്തിൽ മാറ്റം അനുവദിക്കില്ലെന്ന് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിലിൻ്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹിൽസ്റ്റേഷനുകളിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിന് നിയന്ത്രണങ്ങൾ നൽകുന്ന 1920-ലെ തമിഴ്‌നാട് ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റി ആക്‌റ്റിലെ 10-എ ചാപ്റ്റർ തമിഴ്‌നാട് കർശനമായി പാലിക്കുന്നുണ്ടോ എന്ന ചോദ്യവും ട്രൈബ്യൂണൽ ഉന്നയിച്ചു.

Related Posts

Leave a Reply