മേപ്പാടി: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തിൽപ്പെട്ടവരെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സൗകര്യമൊരുക്കി.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും കാര്യങ്ങൾ വിലയിരുത്താനും റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം തുടങ്ങി. ദുരന്ത നിവാരണ അതോറീറ്റി ആസ്ഥാനത്താണ് യോഗം. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശിക്, കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ 7 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്.
വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.