Kerala News

വയനാട്ടിൽ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍

കല്‍പ്പറ്റ: വയനാട്ടിൽ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍. യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇത്തവണ അറസ്റ്റിലായത്. കൂളിവയല്‍ കുന്നേല്‍ വീട്ടില്‍ ബാദുഷ (28), സഹോദരന്‍ നിസാമുദ്ദീന്‍ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പോക്‌സോ കേസില്‍ പത്തുവര്‍ഷം ശിക്ഷ വിധിക്കപ്പെട്ടിരുന്നു. കൂളിവയല്‍ സ്വദേശിയായ തെല്‍ഹത്തിന്റെ  പരാതിയിലാണ് ഇരുവരും വധശ്രമത്തിന് വീണ്ടും അറസ്റ്റിലായത്. 

കഴിഞ്ഞ എട്ടാം തീയതി ഇരുവരും ചേര്‍ന്ന് തെല്‍ഹത്തിനെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ ഇയാളുടെ വലതുകൈക്ക് പൊട്ടലുണ്ടായി. ആക്രമണത്തിനിടെ തലക്കേറ്റ പ്രഹരത്തെത്തുടര്‍ന്ന് നാല് തുന്നലും ഇടേണ്ടിവന്നു. ആക്രമണത്തെ തുടര്‍ന്ന് തെല്‍ഹത്ത് മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. പോക്‌സോ കേസില്‍ ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കിയതിന്റെ പ്രതികാരമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. 

സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളെ കര്‍ണാടകയിലെ ഹുന്‍സൂരില്‍ നിന്നാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തും സംഘവും പിടികൂടിയത്. പോലീസ് സാന്നിധ്യം അറിഞ്ഞ് മൈസൂരില്‍നിന്ന് ലോറിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് അറസ്റ്റുചെയ്യുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി. അബ്ദുല്‍ അസീസ്, പി. അനൂപ്, എം. രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Posts

Leave a Reply