മാനന്തവാടി: വയനാട്ടില്‍ ജനരോക്ഷം പുകയുന്നു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോള്‍ വിപിയുടെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു. മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിന് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാവിലെ മാനന്തവാടി ആശുപത്രിയിലെത്തിയ പോളിനെ ഉച്ചകഴിഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചതെന്നും ഒരു രാഷ്ട്രീയ നേതാവിനാണ് ഈ ഗതി വന്നതെങ്കില്‍ ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ചികിത്സ നല്‍കില്ലേയെന്നും പോളിന്റെ മകള്‍ പ്രതികരിച്ചു. വന്യജീവി ആക്രമണത്തിന് പരിഹാരം കണ്ടെത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. പോളിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി. ജില്ലയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കനത്ത പ്രതിഷേധമാണ് ജില്ലയില്‍ നടക്കുന്നത്. വൈകിട്ട് ആറ് മണിവരെ റോഡ് ഉപരോധിക്കാനാണ് തീരുമാനം. ഹർത്താല്‍ പൂർണ്ണമാണ്.
