വയനാട്: വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ്. വെറ്റിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് അടക്കമുള്ള വെറ്റിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തി. കടുവയെ ഇപ്പോള്‍ അകലമിട്ട് നിരീക്ഷിച്ച് വരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം വയനാട്ടിൽ രണ്ട് മനുഷ്യ ജീവനകുൾ കടുവയെടുത്തത്.