വയനാട്ടിലെ ആദിവാസികൾക്കിടയിൽ ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പനമരം മാത്തൂർ പരിയാരത്തെ അടിയ, പണിയ കാട്ടുനായ്ക്ക വിഭാഗങ്ങൾ അധിവസിക്കുന്ന കോളനികളിൽ 10 ലേറെ ആളുകൾക്ക് ഇതുവരെ ക്ഷയരോഗം സ്ഥിരീകരിച്ചു. ആദിവാസി കോളനികളിൽ ട്രൈബൽ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആരോപണം.
പരിയാരം ആദിവാസി കോളനിയിലെ ഗണേഷിന് ക്ഷയ രോഗം സ്ഥിരീകരിച്ചിട്ട് ഒരുമാസം ആകുന്നു. ഗണേഷിൻ്റെ അച്ഛനും അമ്മയും ക്ഷയരോഗ ബാധിതരാണ്. ക്ഷയ രോഗ ബാധിതരായ അച്ഛനും അമ്മയും നിത്യവരുമാനത്തിനായി ജോലിക്ക് പോകേണ്ട സാഹചര്യമാണുള്ളത്. അച്ഛൻ കൂലിപ്പണിക്കും അമ്മ തൊഴിലുറപ്പ് പണിക്കുമാണ് പോകുന്നത്. ഭക്ഷണം അടക്കമുള്ള സാധനങ്ങൾ ട്രൈബൽ വകുപ്പ് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗണേഷ്.
ഈ കോളനിയിലെ 22കാരനായ രഞ്ജിത്തിനായിരുന്നു ആദ്യം ക്ഷയ രോഗം ബാധിച്ചത്. 2022ലായിരുന്നിത്. എന്നാൽ അസുഖം തിരിച്ചറിയാൻ വൈകി. ട്രൈബൽ വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കിയില്ല. അസുഖം വന്നതിനെ തുടർന്ന് ആരും ജോലിക്ക് വിളിക്കാത്തതിനാൽ രഞ്ജിത്തിന്റെ ജീവിതം ഇപ്പോൾ ദുഷ്കരമാണ്.
വിവിധ കുടുംബങ്ങളിലെ അഞ്ചിലേറെ സ്ത്രീകൾ ഇവിടെ ക്ഷയരോഗത്തിന്റെ പിടിയിലാണ് മിക്കവരും 50 വയസിനു മുകളിലുള്ളവരാണ്. റേഷനരി കിട്ടുമ്പോൾ മാത്രമാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ ഒരു നേരം മാത്രമാണ് ഭക്ഷണമെന്നു കോളനിയിലെ രോഗബാധിതയായ വായോധിക അമ്മിണി പറഞ്ഞു.