ചേലക്കര/ കല്‍പറ്റ: വയനാട് ലോക്‌സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം. വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തിനെത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ കൊട്ടിക്കലാശത്തില്‍ വിദേശികള്‍ അണിനിരന്നത് ശ്രദ്ധേയമായി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് ക്രെയിനില്‍ കയറിയായിരുന്നു അവസാനഘട്ട പ്രചാരണത്തിന് ഇറങ്ങിയത്.
വയനാട്ടില്‍ ശ്രദ്ധാകേന്ദ്രമായത് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലുമാണ്. ജനസാഗരത്തിന് മുന്നില്‍ വയനാട് പ്രിയപ്പെട്ടതെന്ന് പ്രിയങ്ക പറഞ്ഞപ്പോള്‍ കൈയടികള്‍ ഉയര്‍ന്നു. രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ട് 35 വര്‍ഷമായെന്നും ഏറ്റവും സന്തോഷം നല്‍കിയ പ്രചാരണം വയനാട്ടിലേതാണെന്ന് കൂടി പ്രിയങ്ക പറഞ്ഞപ്പോള്‍ അണികള്‍ ഇളകി. വയനാട്ടില്‍ പ്രിയങ്ക ജയിച്ചാല്‍ വയനാട്ടില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങളുണ്ടാകും എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. തങ്ങള്‍ രണ്ടു പേരും വയനാടിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമന്റിലുയര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു. കല്‍പറ്റയിലായിരുന്നു എല്‍ ഡി എഫിന്റെ കൊട്ടിക്കലാശം അരങ്ങേറിയത്. സത്യന്‍ മൊകേരിക്കൊപ്പം മന്ത്രി പി പ്രസാദും മറ്റ് നേതാക്കളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു. ബത്തേരി നഗരം കേന്ദ്രീകരിച്ചായിരുന്നു എന്‍ ഡി എയുടെ കൊട്ടിക്കലാശം. നവ്യാ ഹരിദാസിനൊപ്പം പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളും അണിനിരന്നു.
ചേലക്കരയില്‍ ഉത്സവാന്തരീക്ഷം തീര്‍ത്താണ് കൊട്ടിക്കലാശം കൊട്ടിക്കയറിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ചേലക്കരയെ ചെങ്കടലാക്കി. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ യു ആര്‍ പ്രദീപിനായി അണിനിരന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനായി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് അണികള്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി. മണിക്കൂറുകള്‍ നീണ്ട കൊട്ടിക്കലാശം ആറരയോടെ അവസാനിച്ചു. വയനാട്ടിലും ചേലക്കരയിലും നവംബര്‍ പതിമൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ നിശബ്ദപ്രചാരണമാണ്.