Kerala News

വനിതാ സുഹൃത്തിന് ഫോണിലൂടെ തെറിവിളി, യുവാവിനെ രാത്രിയിൽ വിളിച്ച് വരുത്തി മർദ്ദനം, യുവതിയടക്കം 7 പേർ പിടിയിൽ

ചേർത്തല: രാത്രിയിൽ യുവതി ഫോണിൽ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും ഫോണും അപഹരിച്ചു. സംഭവത്തിൽ രണ്ടു യുവതികളടക്കം ഏഴുപേരെ ചേർത്തല പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേർ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.

ആലുവ ചൂർണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുൾജലീൽ(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടിൽ ജലാലുദ്ദീൻ(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടിൽ മുഹമ്മദ് റംഷാദ്(25), തായാക്കാട്ടുകര നച്ചത്തള്ളാത്ത് വീട്ടിൽ ഫൈസൽ(32), പള്ളൂരുത്തി കല്ലുപുരക്കൽ വീട്ടിൽ അൽത്താഫ്(20), കൊല്ലം കരുനാഗപള്ളി ശിവഭവനം വീട്ടിൽ കല്ല്യാണി(20), പാലാക്കാട് വാണിയംകുളം കുന്നുംപറമ്പ് വീട്ടിൽ മഞ്ജു(25)എന്നിവരാണ് പിടിയിലായത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇപ്രകാരമാണ്. അഖിലും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ അഖിൽ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായത്. യുവതി കൂട്ടുകാരുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയിൽ ചേർത്തല റെയിൽവെ സ്റ്റേഷന് സമീപത്തേയ്ക്ക് വിളിച്ചുവരുത്തി. തുടർന്നാണ് തട്ടിക്കൊണ്ടുപോയി എറണാകുളം കാക്കനാട് വെച്ച് മർദ്ദിച്ചത്.

പഴ്സിലുണ്ടായിരുന്ന 3500രൂപയും ഫോണും കവർന്ന ശേഷം അവശനായ അഖിലിനെ വഴിയിൽ ഇറക്കിവിട്ടു. ഡിസംബർ 23ന് പുലർച്ചെ 2.30നായിരുന്നു സംഭവം. എസ്.ഐ കെ.പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ആലുവയിലെ കോഫി ഷോപ്പിൽ നിന്നും പിടികൂടിയത്. സീനിയർ സി.പി.ഒമാരായ സതീഷ്, ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, സി.പി.ഒ മാരായ രഞ്ജിത്ത്, പ്രതിഭ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Posts

Leave a Reply