India News

വനിതാ ഡോക്ടറുടെ കൊലപാതകം; സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് – മമതാ ബാനർജി

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി ജി ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മമത ബാനർജി പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളോട് സംസാരിച്ച മമത ബാനർജി കേസിന്റെ വിചാരണ അതിവേ​ഗ കോടതിയിലേക്ക് മാറ്റാനാണ് ആ​ഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

‘വിഷയം അന്വേഷിക്കുന്നതിനായി ഡോഗ് സ്ക്വാഡ്, വീഡിയോ ഡിപ്പാർട്ട്മെൻ്റ്, ഫോറൻസിക് ഡിപ്പാർട്ട്മെൻ്റ് എന്നിവയെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ചയ്ക്കകം കേസ് പരിഹരിക്കാൻ കൊൽക്കത്ത പൊലീസിന് കഴിയുന്നില്ലെങ്കിൽ ഞങ്ങൾ അത് സിബിഐക്ക് കൈമാറും. ഇത് അങ്ങേയറ്റം വേദനാജനകമായ സംഭവമാണ്. കേസിൽ ഉൾപ്പെട്ടവർ ആരായാലും ഉടൻ ശിക്ഷിക്കപ്പെടണം. ഈ കേസ് വേഗത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം ജുഡീഷ്യൽ നടപടികൾ വേഗത്തിലാകും. ആശുപത്രിയിൽ നഴ്സുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും സംഭവം നടന്നപ്പോൾ ഞെട്ടിപ്പോയി. പ്രിൻസിപ്പൽ, ഡിപ്പാർട്ട്മെൻ്റ് ഹെഡ്, മെഡിക്കൽ സൂപ്രണ്ട് കം വൈസ് പ്രിൻസിപ്പൽ (എംഎസ്വിപി), എഎസ്പി എന്നിവരെ ഈ ആശുപത്രിയിൽ നിന്ന് ഞങ്ങൾ പുറത്താക്കിയതായി ഇരയുടെ രക്ഷിതാക്കൾ പറഞ്ഞതായി ഞാൻ പൊലീസിനോട് പറഞ്ഞു.’,മമത ബാനർജി കൂട്ടിച്ചേർത്തു.

കേസില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു. ഡോ. സന്ദീപ് ഘോഷ് ആണ് രാജി സമര്‍പ്പിച്ചത്. സംഭവത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ താന്‍ അപമാനിക്കപ്പെടുകയാണെന്നും ഇരയാക്കപ്പെട്ട പെണ്‍കുട്ടി തനിക്ക് മകളെ പോലെയാണെന്നും സന്ദീപ് ഘോഷ് പ്രതികരിച്ചു.

‘രക്ഷിതാവെന്ന നിലയില്‍, ഞാന്‍ രാജിവെക്കുന്നു. ഇനി വയ്യ. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്’, എന്നായിരുന്നു സന്ദീപ് ഘോഷിന്റെ വാക്കുകള്‍. സംഭവത്തില്‍ കര്‍ മെഡിക്കല്‍ കോളേജ് സുപ്രണ്ടിനെ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് രാജി. ദീര്‍ഘകാലമായി ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠയെ മാറ്റി പകരം ആശുപത്രി ഡീന്‍ ബുല്‍ ബുല്‍ മുഖോപാധ്യായയെ ചുമതലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളേജാണിത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts

Leave a Reply