Kerala News

വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു.

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാൽ വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയെങ്കിലും വീണ്ടും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ ചികിത്സക്കായി എത്തിക്കുകയായിരുന്നു.  ഇവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ​ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛ‍ർദിയുണ്ടായത്. അതേസമയം, പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും. ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Related Posts

Leave a Reply