Kerala News

വണ്ടാഴിയില്‍ മദ്യം കഴിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി.

പാലക്കാട്: വണ്ടാഴിയില്‍ മദ്യം കഴിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി. മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം നടന്നത്. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസ് ഉടന്‍ തന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ട് വിദ്യാര്‍ത്ഥികളുടെ ബോധം തെളിഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരു വിദ്യാര്‍ത്ഥിയുടെ ബോധം തെളിഞ്ഞത്. മൂന്ന് പേരുടെയും വയര്‍ കഴുകി. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്‌സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി. ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

Related Posts

Leave a Reply