Kerala News

വടക്കഞ്ചേരിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.

പാലക്കാട്: വടക്കഞ്ചേരിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന കൺട്രോൾ യെസ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപന ഉടമ വിഷ്ണുരാജിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

2021ലാണ് ഈ സ്ഥാപനത്തെ കുറിച്ച് അറിയുന്നതെന്ന് പരാതിക്കാരിൽ ഒരാള്‍ പറഞ്ഞു. യൂറോപ്പിൽ ജോലിയായിരുന്നു വാഗ്ദാനം. പല തവണയായി പണം വാങ്ങി. മൂന്ന് വർഷം കഴിഞ്ഞിട്ടും ജോലിയായില്ല. പണം തിരികെ ചോദിച്ചപ്പോൾ അതും തന്നില്ല. തുടർന്നാണ് എസ് പി ഓഫീസിൽ പരാതി നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു.

ഇതു പോലെ വഞ്ചിതരായത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുളള നിരവധി ചെറുപ്പക്കാരാണ്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം കണ്ടാണ് ഇവർ കണ്‍ട്രോൾ യെഎസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. വാങ്ങുന്നത് മൂന്നും നാലും ലക്ഷം രൂപയാണ്. പണം കൊടുത്താൽ പിന്നെ കൈമർത്തും.

“2019ൽ ലാണ് പണം നൽകിയത്. ആദ്യം മാൾട്ടയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞു. പിന്നെ പോളണ്ട് പറഞ്ഞു. അവസാനം ചെക്ക് റിപ്പബ്ലിക് എന്നാണ് പറഞ്ഞത്. മൂന്നര ലക്ഷം രൂപ കൊടുത്തിട്ട് 10,000 രൂപ മാത്രമാണ് തിരിച്ചുതന്നത്. ഇത്രയും വർഷം നഷ്ടമായി. ഞങ്ങളുടെ ജീവിതം വെച്ചാ ഇവര് കളിക്കുന്നത്”- ഒരു പരാതിക്കാരി പറഞ്ഞു.

സ്ഥാപനത്തിൽ നേരിട്ട് പോയി അന്വേഷിക്കുമ്പോൾ ഭീഷണി. പണം തിരികെ തരാൻ പറയുമ്പോൾ ചെക്ക് തരും. മാറാൻ ചെല്ലുമ്പോൾ പണം കിട്ടില്ല. ഒടുവിൽ സഹികെട്ടാണ് പരാതി കൊടുത്തതെന്ന് ഒരു യുവാവ് പറഞ്ഞു. വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉടമ വിഷ്ണുരാജ് ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply