Kerala News

ലോസ് ഏഞ്ചൽസ്: കാട്ടുതീ വിഴുങ്ങിയ യുഎസ് നഗരമായ മാലിബുവിന്റെ നിലവിലെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്.

ലോസ് ഏഞ്ചൽസ്: കാട്ടുതീ വിഴുങ്ങിയ യുഎസ് നഗരമായ മാലിബുവിന്റെ നിലവിലെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. ചിത്രങ്ങളിൽ പച്ചപ്പ് നിറഞ്ഞ പ്രദേശമെല്ലാം കത്തിച്ചാമ്പലായതും നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ പറ്റിയതും കാണാം.

പ്രശസ്ത ടൂറിസ്റ്റ് പ്രദേശമായ മാലിബു നിരവധി ബീച്ചുകളാലും സന്ദർശകരെ ആകർഷിക്കുന്ന ബീച്ച് ഹൗസുകളാലും സമ്പന്നമായ ഒരു പ്രദേശമാണ്. പുറത്തുവന്ന പുതിയ സാറ്റ്‌ലൈറ്റ് ചിത്രത്തിൽ തീപടർന്ന പ്രദേശങ്ങളെ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം. പലയിടത്തും പച്ചപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. വീടുകളും ബീച്ച് ഹൗസുകളും ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ ചിത്രത്തിൽ കത്തിയമർന്ന ഏതാനും കെട്ടിടങ്ങൾ മാത്രമാണുള്ളത്. അതേസമയം, ചൊവ്വാഴ്ച മുതല്‍ പടർന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഇനിയും മരണസംഖ്യ ഉയരുമെന്ന് റിപ്പോർട്ടുണ്ട്. അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,500 കെട്ടിടങ്ങൾ വരെ തീപിടുത്തത്തിൽ കത്തിനശിച്ചു, 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. ഒരു ലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ പ്രധാന കാരണം.

Related Posts

Leave a Reply