ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ഗുകേഷ് ലോക ചാംപ്യൻ. ചെസ് ചാംപ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയാണ് ഗുകേഷ്. 18-ാം വയസിലാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമായത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നത്.
ചെസ് ചാംപ്യൻഷിപ്പിൽ 13 പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ഗുകേഷും ചൈനയുടെ ഡിങ് ലിറനും 6.5 പോയിന്റ് വീതം സ്വന്തമാക്കി ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ അവസാന പോരാട്ടമായ 14-ാം ഗെയിം വിജയിക്കുന്നവർ ലോക ചാംപ്യൻഷിപ്പ് നേടുമായിരുന്നു. 14-ാം മത്സരത്തിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാന നിമിഷം ഡിങ് ലിറന്റെ പിഴവ് മുതലെടുത്താണ് ഇന്ത്യൻ താരത്തിന്റെ വിജയം.
അവസാന നിമിഷം ലിറന്റെ കൈവശം ഉണ്ടായിരുന്ന തേരിനെ നഷ്ടപ്പെട്ടതോടു കൂടിയാണ് ചൈനീസ് താരം പരാജയത്തിലേക്ക് നീങ്ങിയത്. 14 ഗെയിമുകൾ പൂർത്തിയായപ്പോൾ ഗുകേഷ് 7.5 പോയിന്റും ലിറൻ 6.5 പോയിന്റും എന്ന നിലയിലായി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ ഗുകേഷ് ലോക ചാംപ്യനായി.