Kerala News

ലോക്സഭ തെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമമായ വാട്സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമമായ വാട്സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. ‘ഇലക്ഷന്‍ ഡ്യൂട്ടി ഉണ്ടോയെന്ന് 26-03-2024 മുതല്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അറിയാം. ഇതിനായി Order എന്ന ഇലക്ഷന്‍ വിവരണ സോഫ്റ്റ്‍വെയറില്‍ Employee Corner എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പർ കൊടുത്ത് അതിലേക്ക് വരുന്ന ഒടിപി എന്‍റർ ചെയ്താല്‍ മതിയാകും’ എന്നുമാണ് ലിങ്കിനൊപ്പം പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ് എന്ന് കണ്ണൂർ കലക്ടർക്ക് കീഴിലുള്ള ജില്ലാ ക്വിക്ക് റെസ്‍പോണ്‍സ് ടീമിന്‍റെ സോഷ്യല്‍ മീഡിയ വിഭാഗം അറിയിച്ചു. ‘HOD/സ്ഥാപന മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതിനുശേഷം മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുകയുള്ളൂ. നിലവില്‍ പോസ്റ്റ് ചെയ്യുന്ന ഓർഡർ നല്‍കുന്ന തിയതി തീരുമാനിച്ചിട്ടില്ല. നിലവില്‍ പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമാണ്’ എന്നും കണ്ണൂർ ജില്ലാ ക്വിക്ക് റെസ്പോണ്‍സ് ടീം വ്യക്തമാക്കി. ഈ വിശദീകരണം കണ്ണൂർ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്ത ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ക്വിക്ക് റെസ്പോൺസ് ടീമിനെ അറിയിക്കാം. 04972 704717 ആണ് ഇതിനായി ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പർ.  qrtknr.election@kerala.gov.in എന്ന ഇമെയില്‍ വിലാസം വഴിയും പരാതികള്‍ നല്‍കാമെന്നും’ കണ്ണൂർ ജില്ലാ ക്വിക്ക് റെസ്പോണ്‍സ് ടീം വ്യക്തമാക്കി. 

Related Posts

Leave a Reply